Friday, November 30, 2018




ലോക എയ്ഡ്സ് ദിനം    2018   …  Know your HIV Status 


എല്ലാ വർഷവും  ഡിസംബർ 1 ലോക  എയ്ഡ്സ്  ദിനമായി  ആചരിക്കുന്നു.  HIV അണുബാധ ഇന്നും ലോകത്ത് നിലനിൽക്കുന്നുവെന്നും HIV പ്രതിരോധിക്കുന്നതിനും HIV അണുബാധിതരെ കണ്ടുപിടിച്ച്  അവരെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാടു കാര്യങ്ങൾ സമൂഹത്തിനു  ചെയ്യാനുണ്ടെന്നും     ദിനം  നമ്മെ  ഓർമ്മപ്പെടുത്തുന്നു.

UNAIDS ൻറെ കണക്കു പ്രകാരം ഇപ്പോഴും ലോകത്ത് ഏകദേശം 9.4 ദശലക്ഷം  ആളുകൾ തങ്ങൾ HIV അണുബാധിതരാണ് എന്നറിയാതെ ജീവിക്കുന്നു. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓർഗനൈസേഷന്റെ 2016 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 21.1 ലക്ഷം HIV അണുബാധിതരുണ്ട്. രാജ്യത്തെ HIV  അണുബാധിതരിൽ 39 ശതമാനം സ്ത്രീകളും 1.33 ശതമാനം കുട്ടികളുമാണ്. ഇന്ത്യയിൽ 2016 ഉണ്ടായിട്ടുള്ള പുതിയ HIV അണുബാധിതരുടെ എണ്ണം 79000 ആണ് . ഇതിൽ 88 ശതമാനം മുതിർന്നവരും 12 ശതമാനം കുട്ടികളുമാണ് .

കേരളത്തിൽ HIV അണുബാധിതരായി 2018 സെപ്റ്റംബർ വരെ 31612 പേരെ കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയായവരുടെ ഇടയിൽ HIV  അണുബാധ കേരളത്തിൽ 0.10 ശതമാനമാണ്. മുതിർന്നവരുടെ ഇടയിൽ തന്നെ 35 നും 40 നും മധ്യേ ഉള്ളവരിലാണ് HIV കൂടുതലായി ഉള്ളത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ HIV അണുബാധിതരുടെ എണ്ണം വളരെ കുറവാണ്. എന്നിരുന്നാലും HIV അണുബാധ ഉണ്ടാകാവുന്ന സാഹചര്യങ്ങളിൽപെടുന്നവർ ഒറ്റപ്പെടലും, സാമൂഹ്യനിന്ദയും, വിവേചനവും ഭയന്ന് അവരുടെ HIV സ്റ്റാറ്റസ് അറിയുവാൻ തീരെ താല്പര്യം കാണിക്കുന്നില്ല. എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേരിടുന്ന ഏറ്റവും  വലിയ വെല്ലുവിളിയിതാണ്.

അതുകൊണ്ടു തന്നെ വർഷത്തെ ലോക AIDS ദിന സന്ദേശം “ Know your status” എന്നതാണ്. ഓരോരുത്തരും അവനവൻറെ HIV സ്റ്റാറ്റസ് അറിയുക എന്നത് വളരെ പ്രധാനമാണ്. മറ്റ് ഏതു രോഗവും പോലെ തന്നെ HIV യും ആരംഭഘട്ടത്തിൽ കണ്ടുപിടിക്കുകയും കൃത്യമായ ചികിത്സ സമയത്ത് ലഭ്യമാക്കുകയും ചെയ്താൽ HIV മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറക്കുവാനും HIV ബാധിതരുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ആയുർദൈർഘ്യം വർദ്ധിപ്പിക്കാനും സാധിക്കും.

ലോകാരോഗ്യ സംഘടന ലക്ഷ്യമിട്ടിരിക്കുന്നത് 2030 ഓട് കൂടി  HIV  ഭൂലോകത്തു നിന്നു തന്നെ നിർമാർജനം ചെയ്യുക എന്നതാണ്. ലക്ഷ്യത്തിൽ എത്തുവാനായിട്ടുള്ള പ്രവർത്തനങ്ങളാണ് 90-90-90 target. 2020 ആകുമ്പോഴേക്കും 90 ശതമാനം അണുബാധിതരെയും HIV പരിശോധന യിലൂടെ കണ്ടുപിടിക്കുകയും ഇതിൽ 90 ശതമാനം പേർക്കും ART ചികിത്സ ലഭ്യമാക്കുവാനും, ART മരുന്ന് കഴിക്കുന്നവരിൽ 90 ശതമാനം വ്യക്തി കളുടെയും ശരീരത്തിലുള്ള HIV രോഗാണുക്കളുടെ തോത് ഗണ്യമായി കുറക്കുവാനുമുള്ള കർമ്മപരിപാടികളാണ് ഇപ്പോൾ National AIDS Control Organization സംസ്ഥാന AIDS നിയന്ത്രണ സൊസൈറ്റിയിലൂടെ നടപ്പി ലാക്കികൊണ്ടിരിക്കുന്നത്. ഇതിൽ ആദ്യത്തെ 90 - 90 ശതമാനം അണു ബാധിതരെയും HIV പരിശോധനയിലൂടെ കണ്ടുപിടിക്കുക എന്നത് ലക്ഷ്യപ്രാപ്തിക്ക്  വളരെ  നിർണായകമാണ് .

ഇനി ആരൊക്കെ HIV പരിശോധനയ്ക്ക് വിധേയരാവണം എന്ന് നോക്കാം. World AIDS Day സന്ദേശം ഉൾകൊണ്ട് എല്ലാവരും ഒരു പ്രാവശ്യമെങ്കിലും തങ്ങളുടെ HIV  സ്റ്റാറ്റസ് അറിയുവാൻ പരിശോധനകൾ നടത്താവുന്നതാണ് . ഒരു വ്യക്തിക്ക് , HIV സ്റ്റാറ്റസ് അറിഞ്ഞാൽ HIV പ്രതിരോധ നടപടികൾ സ്വീകരിക്കാനും തൻറെ  പ്രിയപ്പെട്ടവരെ HIV വരാതെ സംരക്ഷിക്കുവാനും സാധിക്കും. HIV പരിശോധന ഒരു നിർബന്ധിത ടെസ്റ്റ് അല്ല. HIV പരിശോധനയ്ക്ക് മുമ്പെ കൗൺസിലിങ്ങിലൂടെ വിവിധ സംശയങ്ങൾ പരിഹരിക്കാവുന്നതും, HIV പിടിപെടാൻ കൂടുതൽ സാധ്യത യുള്ളതരം  പെരുമാറ്റരീതികൾ ഉള്ളവരാണോ എന്നു മനസ്സിലാക്കി സ്വമേധയാ HIV പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്.  HIV പരി ശോധനയ്ക്കും  കൗൺസിലിങ്ങിനും  സർക്കാർ , സ്വകാര്യ ആശുപത്രി കളിലുള്ള അഞ്ഞൂറോളം ജ്യോതിസ്  കേന്ദ്രങ്ങളിൽ  തികച്ചും  രഹസ്യാ ത്മകമായി, സൗജന്യമായും ചെയ്യാവുന്നതാണ്. താഴെ പറയുന്ന ഗ്രൂപ്പുകളിലുള്ള വ്യക്തികൾ HIV പരിശോധനയ്ക്ക് വിധേയമാകേ ണ്ടതാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ, സ്ത്രീ ലൈംഗിക തൊഴിലാളികൾ , പുരുഷ സ്വവർഗഗാനുരാഗികൾ , മയക്കു മരുന്ന് കുത്തിവയ്ക്കുന്നവർ , കുടിയേറ്റ തൊഴിലാളികൾ, ദീർഘദൂര ട്രക്ക് ഡ്രൈവേഴ്സ് , ഭിന്നലിംഗക്കാർ എന്നിവർ HIV അണുബാധ പിടിപെടാൻ സാധ്യത  കൂടുതലുള്ള  പ്രേത്യേക ലക്ഷ്യഗ്രൂപ്പുകളാണ്. പക്ഷേ ഇപ്പോഴും വിഭാഗത്തിൽപ്പെട്ടവരെ 100 ശതമാനവും ടെസ്റ്റ് ചെയ്യുവാൻ സാധിക്കുന്നില്ല. പലരെയും ഇപ്പോഴും കണ്ടെത്തുവാൻ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ളവരിൽ   നിന്നും HIV  പകരാൻ സാധ്യത കൂടുതലാണ്. മറ്റുള്ളവർ അറിഞ്ഞാൽ ഒറ്റപെടുമെന്നും തൊഴിൽ നഷ്ടമാകുമെന്നുള്ള അടിസ്ഥാനരഹിതമായ ധാരണ ഇന്നും നിലനിൽക്കുന്നു. ജ്യോതിസ്സ് കേന്ദ്രങ്ങളിൽ പരിശോധന സംബന്ധിച്ച വിവരങ്ങൾ തികച്ചും രഹസ്യമായി തന്നെ സൂക്ഷിക്കുന്നതായിരിക്കും. കൂടാതെ ക്ഷയരോഗികൾ, HIV അണുബാധിതരുടെ പങ്കാളികൾ, ഗർഭിണികൾ, HIV അണു ബാധിതരായ അമ്മമാർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ, ലൈംഗിക പീഡനത്തിനിരയാകുന്നവർ , മറ്റു ലൈംഗിക രോഗമുള്ളവർ , കൂടെ കൂടെ പനി , വയറിളക്കം, മറ്റു അണുബാധ എന്നിവ വരുന്നവരെയും HIV  പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഗർഭിണിയായ സ്ത്രീ, HIV  അണുബാധിതയാണെന്നു ആദ്യത്തെ മൂന്നുമാസത്തിനകം കണ്ടുപിടിക്കുകയാണെങ്കിൽ ഡോക്ടറുടെ ഉപദേശം അനുസരിച്ച് ART  ചികിത്സ ആരംഭിച്ചാൽ അമ്മയിൽ നിന്നും കുഞ്ഞിലേക്കുള്ള HIV   അണുബാധ തടയാൻ സാധിക്കും. അതിനാൽ എല്ലാ ഗർഭിണികളും ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ HIV പരിശോധന നടത്തിയി രിക്കണം. HIV ബാധിതർക്കുണ്ടാകുന്ന അവസരജന്യരോഗമാണ് ക്ഷയം. അതിനാൽ ക്ഷയരോഗികളെ HIV പരിശോധനയ്ക്ക് വിധേയമാക്കിയാൽ HIV-TB കോഇൻഫെക്ഷൻ കണ്ടുപിടിക്കുവാനും HIV ക്കും TB ക്കുമുള്ള ശരിയായ ചികിത്സ ലഭ്യമാക്കാനും സാധിക്കും. HIV  ഒരു ലൈംഗികരോഗമായതിനാൽ മറ്റു ലൈംഗിക രോഗമുള്ളവർക്ക് HIV വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അവരും HIV പരിശോധന നടത്തേണ്ടതാണ്.

ഒരു വ്യക്തിക്ക് HIV അണുബാധയുണ്ട് എന്ന് ഉറപ്പു വരുത്തിയാൽ, അവർക്ക് ART  ചികിത്സ ലഭ്യമാക്കുക എന്നതാണ് അടുത്തഘട്ടം. ART  മരുന്ന് ജീവിതകാലം മുഴുവൻ കഴിക്കേണ്ടതാണ്. ART ചികിത്സ Anti Retro viral Therapy  (ART) Centre  അഥവാ  ഉഷസ്സ്  കേന്ദ്രങ്ങളിലൂടെ സൗജന്യമായി നൽകി വരുന്നു. കേരളത്തിൽ നിലവിൽ 10 ART  കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട് .

HIV വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവ വർദ്ധിക്കുകയും ശരീരത്തിൽ രോഗപ്രതിരോധശേഷി നിലനിർത്തുന്ന CD4 കോശങ്ങളെ ക്രമേണ നശിപ്പിക്കുകയും ചെയ്യുന്നു. ART ചികിത്സ ആരംഭിച്ചില്ലെങ്കിൽ 8 മുതൽ 10 വർഷം കൊണ്ട് CD4 കോശങ്ങളുടെ എണ്ണം ഗണ്യമായി കുറയുകയും മറ്റു  അവസരജന്യ രോഗങ്ങൾ ബാധിക്കുകയും ചെയ്യുന്നു. അവസ്ഥക്കാണ് AIDS  എന്ന് പറയുന്നത്. ART ചികിത്സ നേരത്തെ ആരംഭിക്കുന്നതോടെ ശരീരത്തിൽ പ്രവേശിച്ച വൈറസുകൾ ക്രമാതീതമായി വർദ്ധിക്കുന്നത് തടയുകയും , CD4 കോശങ്ങളുടെ എണ്ണം മെച്ചപ്പെടുത്തി ശരീരത്തിന്റെ പ്രധിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനാൽ ആരോഗ്യകരമായ ഒരു ജീവിതം നയിക്കുവാൻ വ്യക്തിക്ക് സാധിക്കുന്നു. പക്ഷെ പലപ്പോഴും തെറ്റിദ്ധാരണമൂലമോ, അറിവില്ലായ്മ കാരണമോ, മറ്റുള്ളവർ അറിയും എന്നുള്ള പേടിമൂലമോ, HIV ബാധിതർ ART ചികിത്സ എടുക്കുവാൻ വിമുഖത കാണിക്കുകയും മറ്റു ചികിത്സാ രീതികൾ അവലംബിക്കുകയും, ഒടുവിൽ രോഗം മൂർച്ഛിക്കുമ്പോൾ മാത്രം ART ചികിത്സയ്ക്കായി എത്തുകയും ചെയ്യുന്നു. ഇത് മരണകാരണമായി തീർന്നേക്കാം. അതിനാൽ സ്വന്തം ആരോഗ്യം നിലനിർത്തുവാനും മറ്റുള്ളവരിലേക്കുള്ള രോഗാണുവ്യാപനം തടയുവാനും മെച്ചപ്പെട്ട ജീവിതം നയിക്കുവാനും എല്ലാ HIV ബാധിതരും ART മരുന്ന് ജീവിതകാലം മുഴുവൻ കഴിക്കേണ്ടതാണ് .

നമ്മുടെ സമൂഹത്തിൽ ഇനി ഒരു പുതിയ HIV അണുബാധ പോലും ഉണ്ടാകാതിരിക്കാനുള്ള സൂക്ഷ്മതയും മുൻകരുതലും ഓരോരുത്തരും എടുക്കേണ്ടതായിട്ടുണ്ട്. മാറുന്ന ജീവിത സാഹചര്യത്തിൽ HIV പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. HIV യെ കുറിച്ച് വളരെയേറെ തെറ്റിദ്ധാരണകൾ ഇന്നും ജനങ്ങളുടെയിടയിൽ നിലനിൽക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുവിമുക്തമല്ലാത്ത സൂചി, സിറിഞ്ചുകൾ എന്നിവയുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കൽ എന്നിവയിലൂടെയാണ് പ്രധാനമായും HIV പകരുന്നത്. ഇതിനെ കുറിച്ചെല്ലാം ജനങ്ങളുടെയിടയിൽ അവബോധം ഉണ്ടാക്കുവാനും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുവാനും സർക്കാരും കേരള സംസ്ഥാന AIDS നിയന്ത്രണ സൊസൈറ്റിയും വളരെയേറെ ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുന്നു. കൗമാരപ്രായക്കാർ, യുവജനങ്ങൾ, സ്ത്രീകൾ ഇവരെയൊക്കെ ലക്ഷ്യമിട്ട് പരിപാടികൾ സംഘടിപ്പിക്കുന്നു. ചെറുപ്പക്കാരുടെ ലൈംഗീക പ്രത്യുൽപാദന ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ജീവിത നൈപുണ്യ വിദ്യാഭ്യാസം സ്കൂൾ കോളേജ് തലത്തിൽ ലഭ്യമാക്കുന്നു. കൂടാതെ HIV അണുബാധ പിടിപെടാൻ കൂടുതൽ സാധ്യതയുള്ളവിഭാഗങ്ങൾക്കിടയിൽ പ്രത്യേക പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. അറിവില്ലായ്മ മൂലമോ, തെറ്റിദ്ധാരണകൾ കാരണമോ, ഒരു വ്യക്തിക്കും HIV പിടിപെടാൻ പാടില്ല. നിരുത്തരവാദപരമായ, അപകടകരമായ പെരുമാറ്റത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ മനസ്സിലാക്കുവാനും അതിൽ നിന്നും മാറുവാനുമുള്ള കഴിവ് ഓരോരുത്തരും സ്വായത്തമാക്കണം. രോഗപ്രതിരോധവും രോഗനിയന്ത്രണവും ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. അതിന്റെ മുന്നോടിയാകട്ടെ വർഷത്തെ ലോക AIDS ദിന സന്ദേശം "Know your status".